ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സ്വർണവും പണവും കൂടാതെ പ്രതികളിൽനിന്ന് ഡോളറും പിടിച്ചെടുത്തതായി വിവരം. കാണിക്കയിൽ വീണ ആയിരത്തിലധികം ഡോളറാണ് പ്രതികളുടെ ഇടങ്ങളിൽനിന്ന് റെയ്ഡിൽ പിടിച്ചത്. 11 ഗ്രാം സ്വർണവും കണ്ടെടുത്തു.
മുഖ്യപ്രതികളിലൊരാളായ അവിനാശ് ശുക്ളയുടെ യോഗ സെന്‍ററിൽ നിന്നാണ് കൂടുതൽ പണം കണ്ടെത്തിയത്. അയോധ്യയിൽ താമസിച്ചിരുന്ന മുറിയിൽനിന്ന് പണം സൂക്ഷിക്കുന്നെന്ന് കരുതുന്ന പെട്ടികൾ കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് സംഭാവന സ്വീകരിക്കുന്ന ക്യൂ ആർ കോഡ് പെട്ടിയിൽ ഒട്ടിച്ചിരുന്നു. അവിനാശിനെ മുറിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം വിറ്റഴിച്ചെന്ന നിഗമനത്തിൽ ശുക്ലയുടെ ജന്മനാടായ പ്രതാപ്‌ഗഡിലെ പ്രമുഖ ആഭരണശാലകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ജൂൺ അഞ്ചിന് അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയടങ്ങിയ ബാഗ് പോലീസും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പിടിച്ചെടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.